ലോകത്തിലെ തന്നെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയിൻ വെസൽ നിർമ്മിക്കാനുള്ള 550 കോടിയുടെ ഓർഡൻ കൊച്ചിൻ ഷിപ്യാർഡിന് ലഭിച്ചത് രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണ്. നെതർലൻ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് രംഗത്തെ പ്രമുഖ കമ്പനിയായ സാംസ്കിപ് ഗ്രൂപ്പാണ് ഗ്രീൻ ഹൈഡ്രജൻ ഉപയോഗപ്പെടുത്തിക്കൊണ്ട് രണ്ട് വെസലുകൾ നിർമ്മിക്കാനുള്ള ഓർഡർ നൽകിയിരിക്കുന്നത്. 5 വൻകരകളിലായി 24ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്കായി 45 അടി നീളമുള്ള 365 കണ്ടെയിനറുകൾ വഹിക്കാൻ സാധിക്കുന്ന വെസലുകളാണ് നിർമ്മിച്ചുനൽകുന്നത്.
പ്രതിവർഷം 25000 ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം ഇല്ലാതാക്കാൻ ഒരു വെസലിന് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2025 വർഷത്തോട് കൂടി വെസലുകൾ കൈമാറാൻ സാധിക്കുമെന്നാണ് ഷിപ്യാർഡ് പ്രതീക്ഷിക്കുന്നത്. നൂതനമായ ഈ വെസലുകൾ നിർമ്മിച്ചുനൽകുന്നതിലൂടെ കൊച്ചിൻ ഷിപ്യാർഡ് നാടിൻ്റെ അഭിമാനമായി മാറുന്നതിനൊപ്പം ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. രാജ്യത്തെ ആദ്യ തദ്ദേശീയ എയർ ക്രാഫ്റ്റ് കാരിയർ നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച കൊച്ചിൻ ഷിപ്യാർഡിൻ്റെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായിരിക്കും ഈ നേട്ടം