പൊതുമേഖല സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെ.എം.എം.എൽ.) മിനറൽ സെപ്പറേഷൻ യൂണിറ്റ് ഈ വർഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭത്തിൽ. 2021-22ൽ 17.6 കോടി ആയിരുന്നു ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉൽപാദനത്തിലും വിപണത്തിനും കെ.എം.എം.എൽ. ഈ വർഷം റെക്കോർഡ് നേട്ടം കൈവരിച്ചു. 8855 ടൺ സില്ലിമനൈറ്റ് ഉത്പാദനം നടത്തിയ സ്ഥാപനം 8230 ടൺ വിപണനവും നടത്തി.
2019ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കമ്പനിയുടെ തനത് ഫണ്ടിൽ നിന്നും 120 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണ ആധുനികവത്കരണ പ്രവർത്തനങ്ങൾ നടത്തിയത്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ളോട്ടേഷൻ’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷൻ ചെയ്യുകയും ചെയ്തു. തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ എത്തിച്ചത് ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്തു. എൽ. പി. ജി.യ്ക്ക് പകരം എൽ. എൻ. ജി. ഇന്ധനമാക്കി. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിച്ചു.
ഊർജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പുതിയ 70 ടൺ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങി. സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി വിതരണം ചെയ്യാനും തുടങ്ങി. പുറത്തു നിന്ന് ഓക്സിജൻ വാങ്ങുന്നത് ഒഴിവായതോടെ വർഷം 10 കോടിയോളം രൂപ ലാഭിക്കാം.
കഴിഞ്ഞ സാമ്പത്തിക വർഷം 2020-21ൽ 112 കോടി രൂപ ലാഭം നേടിയ സ്ഥാപനം 783 കോടിയുടെ വിറ്റുവരവാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ആറുവർഷത്തിൽ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെ.എം.എം.എൽ..