കെ.എം.എം.എലിന് പ്രതിരോധ മേഖലയിൽ നിന്ന് 105 കോടിയുടെ ഓർഡർ
കേരളത്തിൻ്റെ പൊതുമേഖലയ്ക്ക് കൂടുതൽ തിളക്കമേകിക്കൊണ്ട് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എലിന് പ്രതിരോധ മേഖലയിൽ നിന്ന് 105 കോടിയുടെ ഓർഡർ ലഭിച്ചിരിക്കുകയാണ്.സമീപകാലത്ത് ഈ മേഖലയിൽ നിന്ന് സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
5 വർഷങ്ങളിലേക്കായി വിവിധ ഗ്രേഡുകളിലുള്ള 650 ടൺ ടൈറ്റാനിയം സ്പോഞ്ചിനായുള്ള ഓർഡറാണ് ലഭിച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയിൽ ഉപയോഗിക്കുന്ന ഗ്രേഡിന് പുറമെ ഉൽപാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്പോഞ്ച് കമ്പനിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു ഇത്രകാലം ചെയ്തിരുന്നത്. പുതിയ ഓർഡർ ലഭിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിന് ഈ ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിക്കാനാകും.
ഭാവിയിലും കൂടുതൽ ഓർഡറുകൾ വിവിധ ആവശ്യങ്ങൾക്കായി പ്രതിരോധമേഖലയിൽ നിന്നും കെ.എം.എം.എല്ലിന് ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്. എത്രയും പെട്ടെന്നു തന്നെ ഇതിനാവശ്യമായ ചർച്ചകൾക്ക് തുടക്കമിടും.