പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡിൻ്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിനായി രൂപീകരിച്ച പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡിൻ്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. കേരള പബ്ലിക്ക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന് കീഴിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സാധാരണക്കാർക്കും എളുപ്പം ഉപയോഗിക്കാൻ കഴിയും വിധത്തിൽ തയ്യാറാക്കിയിട്ടുള്ള വെബ്സൈറ്റിൽ സംശയദൂരീകരണത്തിനായി വീഡിയോ ട്യൂട്ടോറിയലും ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ്ങ് ഡയറക്ടർ തസ്തികകളിലേക്കുള്ള ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പ് ഈ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഇനിമുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് പി എസ് സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് കേരള പബ്ലിക്ക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. നിയമനത്തിൽ ഓൺലൈൻ പ്രക്രിയ സാധ്യമാക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ സാധിക്കും.
പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ, പി എസ് സി ക്ക് കൈമാറിയിട്ടില്ലാത്ത തസ്തികകളിലെ നിയമനങ്ങൾ സുതാര്യമായി നടത്തുന്നതിനായി പബ്ലിക്ക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻ്റ് റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിക്കുമെന്നത് എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് സ്വയംഭരണാധികാരമുള്ള ബോർഡ് രൂപീകരിച്ചിരിക്കുന്നത്. പൊതു മേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിൽ പുതിയ റിക്രൂട്ട്മെന്റ് ബോർഡിന് വലിയ പങ്കു വഹിക്കാനാവും.