Nadu Spices Park is the starting point for Idukki's agricultural development

ചരിത്ര നേട്ടമാണ് സ്‌പൈസസ് പാർക്കിലൂടെ ഇടുക്കി കൈവരിച്ചിരിക്കുന്നത്. കോവിഡിന് ശേഷം പ്രതിസന്ധിയിലായ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് സമ്മാനിക്കുക.
ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കും. ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് മുട്ടം തുടങ്ങനാട്ട് ആരംഭിച്ചു.

സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് ഒരുക്കുന്നത്. കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കേരളം മുന്നിലാണ്. മാത്രമല്ല ലോകത്ത് നമ്മുടെ സംരംഭകരെക്കുറിച്ച് പൊതുവിൽ നല്ല മതിപ്പുമാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യസംസ്കരണത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കാൻ സംരംഭകർ ശ്രദ്ധിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾ കർശനമായിപാലിക്കണം. ഇതിൽ വിട്ടുവീഴ്ച പാടില്ല.

15 ഏക്കർ സ്ഥലത്ത് ഏകദേശം 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കർ സ്ഥലത്ത് നിർമ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം സംരംഭകർക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികൾക്ക് 30 വർഷത്തേക്ക് നൽകുന്നത്. ഡോക്യുമെന്റേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, മാർക്കറ്റിങ് സൗകര്യം, കാന്റീൻ, ഫസ്റ്റ് എയ്ഡ് സെന്റർ , ക്രഷ് എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ, എ ടി എം കൗണ്ടർ എന്നിവ പാർക്കിൽ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകൾ, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകൾ, ചുറ്റുമതിൽ, ശുദ്ധജല വിതരണ ക്രമീകരണങ്ങൾ , വൈദ്യുതി വിതരണ സംവിധാനങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, മാലിന്യ നിർമാർജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാർക്കിൽ ഒരുക്കിയിട്ടുണ്ട്.