സംസ്ഥാനത്ത് കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഈ വർഷം ഉദ്ഘാടനം ചെയ്യും. വ്യവസായരംഗത്തെ എക്കോ സിസ്റ്റം സർക്കാർ ശക്തിപ്പെടുത്തുകയാണ്. കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങൾ വരുമ്പോഴും അവയുടെ വിപണി ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
തിരുവനന്തപുരത്ത് ടെക്നോപാർക്കിന്റെ കോമ്പൗണ്ടിൽ യൂണിറ്റി മാൾ വരും. ഒരു ജില്ലയിൽ നിന്നും ഒരു ഉൽപ്പന്നം എന്ന പദ്ധതിപ്രകാരമുള്ള യൂണിറ്റുകളെയും ഇതിൽ ഉൾപ്പെടുത്തും.
എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പൊതുമേഖല ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇൻഷുറൻസ് പ്രീമിയത്തിന്റെ 50% സർക്കാർ വഹിക്കും. ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആകർഷകമായ നിരക്കിൽ പോളിസിയെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷനും കൺസ്യൂമർഫെഡുമായി ചേർന്ന് കെ സ്റ്റോറിൽ ഒരു ഭാഗം പ്രാദേശിക ഉത്പന്നങ്ങൾക്കായി മാറ്റിവെക്കും. സൂപ്പർമാർക്കറ്റുകളിലും മെയ്ഡ് ഇൻ കേരള ഉത്പ്പന്നങ്ങൾക്കായി ഒരുഭാഗം മാറ്റിവെക്കും. ഇത് തദ്ദേശീയമായ യൂണിറ്റുകളുടെ കമ്പോളം ഉറപ്പു വരുത്തും.
വെളിച്ചെണ്ണയ്ക്കായിരിക്കും ആദ്യം കേരള ബ്രാൻഡ് നൽകുക. ഏകദേശം 2,400 വെളിച്ചെണ്ണ കമ്പനികൾ കേരളത്തിൽ ഉണ്ട്. ഇതിൽ 1,400 എണ്ണം സംരംഭക വർഷത്തിന്റെ ഭാഗമായി വന്നതാണ്. ഇത്തരത്തിൽ കേരള ബ്രാൻഡ് പ്രധാനപ്പെട്ട ഒന്നായി മാറുകയാണ്.