രാജ്യത്തിൻറെ നിർമ്മിത ബുദ്ധി(എഐ) ഹബ്ബാകാൻ കൊച്ചി
അന്താരാഷ്ട്ര എഐ ഉച്ചകോടി കൊച്ചിയിൽ നടത്താൻ സംസ്ഥാന സർക്കാർ
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിൽ രാജ്യത്തെ പ്രധാനകേന്ദ്രമായി(ഹബ്ബ്) കൊച്ചിയെ മാറ്റാൻ സംസ്ഥാന സർക്കാർ ഒരുക്കം ആരംഭിച്ചു. ഇതിൻറെ ആദ്യ പടിയെന്നോണം ഐബിഎം സോഫ്റ്റ്വെയറുമായി കൊച്ചിയിൽ ചർച്ച നടത്തി. ഐബിഎമ്മിൻറെ എഐ സാങ്കേതികവിദ്യയുടെ ഹബ്ബ് കൊച്ചിയിൽ തുടങ്ങാൻ ചർച്ചയിൽ തത്വത്തിൽ ധാരണായായി.
ഈ വർഷം മധ്യത്തോടെ കൊച്ചിയിൽ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തും. ഐബിഎമ്മിൻറെ എഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച എഐ പ്രൊഫഷണലുകൾ കൊച്ചിയിലേക്കെത്തും. മികച്ച പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തും. പുതിയ ഐടി തലമുറയ്ക്കും ഇത് ഏറെ ഗുണകരമാകും. ഐബിഎമ്മിൻറെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിൻറെ ഇരട്ടിയാകും.
ഐബിഎമ്മിൻറെ എഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയിൽ ചിന്തിക്കുമെന്നാണ് പ്രതീക്ഷ. ഇൻഫോപാർക്കിൻറെ രണ്ടാം ഘട്ടവും സ്മാർട്ട് സിറ്റിയുമെല്ലാം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ പ്രാപ്തമാണ്.
ജനറിക് എഐ എന്നതിനപ്പുറം ജനറേറ്റീവ് എഐ എന്ന ആശയമാണ് കൊച്ചി ഹബ്ബ് മുന്നോട്ടു വയ്ക്കുന്നത് . ബോയിംഗ് വിമാനക്കമ്പനി പോലുള്ള ആഗോള ഭീമന്മാർ ഐബിഎമ്മിൻറെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബോയിംഗിൻറെയടക്കം പ്രാതിനിധ്യം എഐ ഉച്ചകോടിയിൽ എത്തിക്കാനാണ് സർക്കാരിൻറെ ശ്രമം.
സംസ്ഥാനത്തെ ഐടി പാർക്കുകൾ, കെഎസ്യുഎം, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല തുടങ്ങിയ എല്ലാ പങ്കാളികളുടെയും സഹകരണം ഇതിനുണ്ടാകും. രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളും ഈ ഉച്ചകോടിയിൽ അവതരിപ്പിക്കും. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെഎസ്ഐഡിസിക്ക് ആയിരിക്കും. സെമികണ്ടക്ടർ, ചിപ്പ് ഡിസൈൻ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിൻറെ സാധ്യതകൾ പരിശോധിക്കുന്നതിന് സാംസങുമായി ചർച്ചകൾ നടത്താനും ധാരണയായി.