വിറ്റു വരവ് ഉയർത്തി ഇൻകെൽ
ഇൻകെൽ വിറ്റുവരവ് 115.10 കോടി ആയി ഉയർന്നു; 15 ശതമാനം വർധനവ്; പുനരുപയോഗ ഊർജ്ജ പദ്ധതിയിൽ കൂടുതൽ കേന്ദ്രീകരിക്കും.
കേരള സർക്കാരിൻറെ പി.പി. പി കമ്പനി ആയ ഇൻകെൽ ലിമിറ്റഡ് തുടർച്ചയായ രണ്ടാം വർഷവും മികച്ച ലാഭം നേടി. കമ്പനിയുടെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 100.98 കോടിയിൽ നിന്നും 15% വളർച്ചയോടെ 115.10 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നികുതി കഴിച്ചുള്ള ലാഭം 14.43 കോടി രൂപയിൽ നിന്ന് 114% വളർച്ചയോടെ 30.74 കോടി രൂപയായും വർദ്ധിച്ചു. ഇൻകെൽ കമ്പനികൾ ഉണ്ടാക്കിയ ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹോൾഡിംഗ് കമ്പനിയായ ഇൻകെലിൻ്റെ മാത്രം വിറ്റുവരവ് 79.19 രൂപയായും നികുതി കഴിച്ചുള്ള ലാഭം 12.87 കോടിയിൽ നിന്നും 26% വർദ്ധനവോടെ 16.24 കോടി രൂപയായും വർദ്ധിച്ചു .
മികച്ച പ്രകടനം കണക്കിലെടുത്ത് ഡയറക്ടർ ബോർഡ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ ചേരുന്ന ഇൻകെൽ വാർഷിക ജനറൽ ബോഡി യോഗം ലാഭവിഹിതം സംബന്ധിച്ച് തീരുമാനിക്കും.
വിഭവങ്ങളുടെ മികച്ച വിനിയോഗവും പദ്ധതികളുടെ വൈവിധ്യ വൽക്കരണവുമാണ് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചത്. സംസ്ഥാനത്ത് പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇൻകെൽ പ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന് പുറത്തേക്കും പുനരുപയോഗ ഊർജ പദ്ധതികളിൽ ചുവടുറപ്പിക്കുവാൻ കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മുൻനിര കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ ഇൻകെലിന് 200 മെഗാവാട്ടിനടുത്ത് പ്ലാൻറുകൾ സ്ഥാപിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഒരു ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതി നടപ്പിലാക്കുന്നതിനായി ഇൻകെൽ – റീ എന്ന ഉപസ്ഥാപനം രൂപീകരിച്ച് കാറ്റിൽ നിന്ന് 14 മെഗാവാട്ടിൻറെയും സൗരോർജ്ജത്തിൽ നിന്ന് 18 മെഗാവാട്ടിൻറെയും ഉൾപ്പെടെ 32 മെഗാവാട്ടിൻറെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി 25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെൻറ് (പിപിഎ) പ്രകാരം കെഎസ്ഇബിക്ക് നൽകുവാനും സൗരോർജ്ജ വൈദ്യുതി കെഎസ്ബിയുടെ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് നൽകുവാനും ആണ് പദ്ധതി ഇട്ടിരിക്കുന്നത്.
നിലവിലെ പ്രധാന മേഖലയായ പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടൻസിയുടെ ഭാഗമായി കിഫിബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാരിനായി പതിനേഴ് പ്രധാന ആശുപത്രികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏകദേശം 2279 കോടി രൂപയാണ് ഈ പദ്ധതികളുടെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ട രണ്ട് പ്രധാന പദ്ധതികളായ കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ (169 കോടി രൂപ), എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (286 കോടി രൂപ) എന്നിവ പൂർത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു. കാൻസർ ആശുപത്രി 2024 സെപ്റ്റംബറിലും മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം 2024 നവംബറിലും ഉദ്ഘാടനം ചെയ്യും. കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക് സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള പ്രോജക്ടുകൾ കമ്പനിയുടെ നിക്ഷേപ സമിതിയുടെ സജീവ പരിഗണനയിലാണ്.