Push through culvert construction on Moolepadam National Highway will start soon

മൂലേപ്പാടം ദേശീയപാതയിലെ പുഷ് ത്രൂ കൽവെർട്ട് നിർമാണം ഉടൻ ആരംഭിക്കും

കളമശ്ശേരി മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ പുഷ് ത്രൂ കൽവെർട്ട് നിർമ്മാണം ഉടനാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി നിലനിൽക്കുന്ന മൂലേപ്പാടത്തെ വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നത് . ആദ്യഘട്ടമെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. തുടർന്നാണ് ദേശീയപാത അതോറിറ്റി ഒരു പുഷ് ത്രൂ കൽവെർട്ട് നിർമ്മിക്കുകയാണ്. മൂന്ന് സ്ഥലങ്ങളിൽ അതോറിറ്റി നിർമ്മിക്കുന്ന കൽവെർട്ടുകളിൽ ആദ്യത്തേത്താണിത്. ടെൻഡർ അവാർഡ് ചെയ്ത് കരാർ ഒപ്പുവെച്ചു. കൽവെർട്ടിനുള്ള പ്രത്യേക ഡിസൈൻ തയാറാക്കി വരികയാണ്. ഡിസൈൻ അടിസ്ഥാനമാക്കിയുള്ള മെഷീനറികൾ ഇവിടെയെത്തും. ഉടൻ തന്നെ നിർമ്മാണം തുടങ്ങും.

ആറുമാസത്തിനുള്ളിൽ കൽവെർട്ട് പൂർത്തീകരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനു ശേഷം റെയിൽവേയുടെ കൽവെർട്ടും നിർമ്മിക്കേണ്ടതുണ്ട്. ഇതിന് റെയിൽവേയുടെ അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയപാതയുടെ കൽവെർട്ട് പൂർത്തിയാകുന്നതോടെ റെയിൽവേ ലൈനുകളിലേക്കും വെള്ളമെത്തും എന്ന് മനസിലാക്കി അനുമതി വേഗത്തിൽ റെയിൽവേ ലഭ്യമാക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം സാലീസ് റോഡ്, മൂലേപ്പാടത്ത് നേരത്തേയുണ്ടായിരുന്ന തോട് എന്നിവ പുനസ്ഥാപിക്കുന്നതിനായി പ്രദേശത്ത് സർവേ ഒരു ഭാഗം പൂർത്തിയായി. മറുഭാഗത്തും സർവേ നടത്തും. മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗം സർവേയിലൂടെ കണ്ടെത്തിയ സാലീസ് തോട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് കല്ലിടൽ പൂർത്തിയാക്കിയിട്ടുണ്ട്. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ തുടർ നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കും. എല്ലാവരും ചേർന്ന് സമവായമുണ്ടാക്കി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.5 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത അതോറിറ്റി പുഷ് ത്രൂ കൽവെർട്ട് നിർമ്മിക്കുന്നത്. ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയാണ് കൽവെർട്ട് നിർമ്മാണത്തിനുള്ള പദ്ധതി ആവിഷ്കരിച്ചത്.

മൂലേപ്പാടം വെള്ളക്കെട്ട് നിവാരണത്തിനായി ജില്ലാ ഭരണ കേന്ദ്രം, ദേശീയപാത അതോറിറ്റി, റെയിൽവേ, പൊതുമരാമത്ത്, റവന്യൂ വകുപ്പുകൾ, നഗരസഭ എന്നിവയെ കോർത്തിണക്കിയാണ് സമഗ്ര പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി മൂലേപ്പാടം നഗറിലെ നവീകരിച്ച ബൈ ലൈൻ റോഡിന്റേയും പുതുക്കിപ്പണിത കലുങ്കിന്റേയും നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതക്ക് മറുഭാഗത്തേക്ക് കടത്തിവിടുന്നതിനാണ് പുഷ് ത്രൂ കൽവെർട്ട് നിർമ്മിക്കുന്നത്.