Kerala brand

കേരളാ ബ്രാൻഡ്

കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ / നൽകുന്ന സേവനങ്ങൾ എന്നിവയ്ക്ക് ഒരു ആഗോള ഗുണനിലവാരം കൊണ്ട് വരികയും, അതുവഴി ഈ ഉത്പന്നങ്ങൾ/ സേവനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് “കേരളാ ബ്രാൻഡ്”. ഉയർന്ന ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്വപരമായ വ്യാവസായിക രീതികൾ എന്നിവയോടു കൂറ് പുലർത്തിക്കൊണ്ട് കേരളത്തിലെ സംരംഭകര്‍ നിർമ്മിക്കുന്ന ഉത്പന്നങ്ങളെയും/നൽകുന്ന സേവനങ്ങളെയും ആഗോള വിപണിയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയും, ഇതിലൂടെ കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായി ഒരു സ്വത്വം സൃഷ്ടിച്ചെടുക്കുകയും ആണ് കേരള ബ്രാൻഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുണമേന്മ, ധാർമ്മികത, ഉത്തരവാദിത്ത വ്യാവസായിക സമ്പ്രദായങ്ങൾ എന്നിവയിൽ കേരളത്തിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കുകയും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ ഐഡന്റിറ്റി സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

കേരളത്തിലെ വ്യവസായത്തിന്റെ താഴെ പറയുന്ന പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്നതാവും കേരള ബ്രാൻഡ്:

– കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉത്പന്ന നിർമ്മാണം
– മുഴുവനായും കേരളത്തിൽ തന്നെ നിർമ്മിക്കുന്നത്
– ബാലവേല പ്രോത്സാഹിപ്പിക്കാത്തത്
– ലിംഗ/വർഗ/ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങൾ
– പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ
– സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങൾ
– സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങൾ

ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരായ നിർമ്മാതാക്കളുടെ/ സേവന ദാതാക്കളുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സംവിധാനമായി കേരള ബ്രാൻഡ് പ്രവർത്തിക്കും. പല മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ/ സേവനങ്ങൾ അതാത് മേഖലയിൽ നിർദിഷ്ച്ചിട്ടുള്ള ഗുണ നിലവാര മാനദണ്ഡങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അനുസൃതമായി കേരള ബ്രാൻഡിന് കീഴിൽ കൊണ്ട് വരും.

കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾക്ക് ഇനി പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും:

– ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ “മെയ്ഡ് ഇൻ കേരള” എന്ന തനതായ ബ്രാൻഡ് നാമത്തിൽ അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാൻ കഴിയും
– ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം, അത് കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായിക്കും
– അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിംഗ് എക്‌സ്‌പോകളിലും പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ/സേവനങ്ങളുടെ പട്ടികയിൽ പരിഗണിക്കപ്പെടും
ഇനി പറയുന്ന സെലക്ഷൻ പ്രോട്ടോകോൾ പ്രകാരം ആയിരിക്കും കേരള ബ്രാൻഡ് നൽകുന്നതിന് ഉത്പന്നങ്ങളെ അല്ലെങ്കിൽ സേവനങ്ങളെ തിരഞ്ഞെടുക്കുന്നത്. എല്ലാ മേഖലയിൽ നിന്നും ഉള്ള ഉത്പന്നങ്ങൾ പാലിക്കേണ്ട പൊതുവായ (ജനറൽ) മാനദണ്ഡങ്ങൾ ഉണ്ടാവും, അതാതു മേഖലയ്ക്കുള്ള പ്രത്യേക (സെക്ടർ സ്‌പെസിഫിക്) മാനദണ്ഡങ്ങൾ ഉണ്ടാവും. അത് കൂടാതെ കേരള ബ്രാൻഡിന്റെ ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്വ വയവസായം എന്നിവ ഉറപ്പാക്കുന്ന ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാവും. കേരള ബ്രാൻഡിന് കീഴിൽ വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിയിൽ നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കണം.

ഏതൊരു വകുപ്പിനും/ഏജൻസിക്കും ആ വകുപ്പിന്റെ മേഖലകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ/സേവനങ്ങൾ കേരള ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കാൻ കഴിയും. ബന്ധപ്പെട്ട വകുപ്പ്(കൾ) നിർദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ/സേവനങ്ങൾക്കായുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റി പരിശോധിച്ചു അംഗീകാരം നൽകും. കേരള ബ്രാൻഡിന് പരിഗണിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ/സേവനങ്ങൾ, വിപണിയിൽ നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നവ ആയിരിക്കണം. കേരള ബ്രാൻഡിനുള്ള അപേക്ഷകൾ ഒരു താലൂക്ക്തല സെലക്ഷൻ കമ്മിറ്റി പരിഗണിക്കുകയും അതാത് ഉൽപ്പന്നത്തിന്/ സേവനത്തിനു സംസ്ഥാനതല കമ്മിറ്റി അംഗീകരിച്ചിട്ടുള്ള മാനദണ്ഡത്തെ അടിസ്ഥാനമാക്കി കേരള ബ്രാൻഡ് നൽകുകയും ചെയ്യും.

സംസ്ഥാന തല സമിതിയുടെ ഘടന ചുവടെ ചേർക്കുന്നു

പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ വകുപ്പ്

ചെയർമാൻ

ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി

കോ-ചെയർ

ഡയറക്ടർ ഇൻഡസ്ട്രീസ് & കൊമേഴ്സ്

കൺവീനർ

ബന്ധപ്പെട്ട വകുപ്പിന്റെ പ്രതിനിധി  

മെമ്പർ

മാനേജിംഗ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി.

മെമ്പർ

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കെ-ബിപ്

മെമ്പർ

ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്, കൊച്ചി

മെമ്പർ

KSSIA പ്രതിനിധി

മെമ്പർ

BIS പ്രതിനിധി

മെമ്പർ

സെക്ടർ എക്സ്പെർട്

മെമ്പർ

 

താലൂക്ക് തല സെലക്ഷൻ കമ്മിറ്റിയുടെ ഘടന ചുവടെ കൊടുക്കുന്നു

ജനറൽ മാനേജർ, ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം

ചെയർമാൻ

ജില്ലാ മേധാവി, ബന്ധപ്പെട്ട വകുപ്പ്  

കോ-ചെയർ

ബന്ധപ്പെട്ട വകുപ്പിലെ താലൂക്ക് ലെവൽ ഓഫീസർ

(വ്യവസായ വകുപ്പിന്റെ കാര്യത്തിൽ എ.ഡി.ഐ.ഒ.)

കൺവീനർ

ബന്ധപ്പെട്ട വകുപ്പിലെ ബ്ലോക്ക് ലെവൽ ഓഫീസർ

(വ്യവസായ വകുപ്പിന്റെ കാര്യത്തിൽ ഐ.ഇ.ഒ.)

മെമ്പർ

ബന്ധപ്പെട്ട മേഖലയിലെ വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധി

മെമ്പർ

ബന്ധപ്പെട്ട മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ (CTCRI, CFTRI, CCRI, IISR, CDB മുതലായവ.)

മെമ്പർ

ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറുള്ള നിർമ്മാതാക്കൾ/നിർമ്മാതാക്കൾക്കുള്ള വിപണന സാധ്യതകൾ ഗണ്യമായി മെച്ചപ്പെടുത്താൻ കേരള ബ്രാൻഡിംഗിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ “MADE IN KERALA” എന്ന തനതായ ബ്രാൻഡ് നാമത്തിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ “കേരള ബ്രാൻഡ്” പദ്ധതി സഹായകമാകും.

www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് കേരള ബ്രാൻഡിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനൊപ്പം self declaration check ലിസ്റ്റും വേണ്ട സപ്പോർട്ടിങ് രേഖകളും കൂടി സമർപ്പിക്കുവാൻ സംരംഭകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോദിച്ഛ് അതാത് പ്രദേശത്തെ ഐ.ഇ.ഓയുടെയും എ.ഡി.ഐ.ഓയുടെയും നേത്രത്വത്തിൽ വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

പദ്ധതിയുടെ ആദ്യ ഘട്ടമായി വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്ക് വേണ്ടിയുള്ള കേരള ബ്രാൻഡ് തിരഞ്ഞെടുപ്പ് മാനദണ്ഡം, സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്കായി തയ്യാറാക്കുകയും അത് കമ്മീറ്റി അംഗീകരിക്കുകയും ചെയ്തു. പൂർണമായും കേരളത്തിൽ നിന്നും സംഭരിക്കുന്ന നാളികേരം/ കൊപ്ര മാത്രം ഉപയോഗിച്ച് കൊണ്ട്, കേരളത്തിൽ തന്നെ നിർമ്മിക്കുന്ന വെളിച്ചെണ്ണയ്ക്ക് കേരള ബ്രാൻഡ് നൽകുവാൻ തീരുമാനിക്കുകയും ചെയ്തു. വെളിച്ചെണ്ണ വിപണിയിൽ അംഗീകൃതമായ AGMARK, BIS 542:2018, എന്നീ സെർറ്റിഫിക്കേഷനുകളിൽ ഏതെങ്കിലും ഒരു സെർറ്റിഫിക്കേഷൻ ഉള്ള,  UDYAM റെജിസ്ട്രേഷൻ  എടുത്തിട്ടുള്ള കേരളത്തിലെ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളെയാണ് പരിഗണിക്കുന്നത്.

മേൽ പറഞ്ഞ വ്യവസ്ഥകൾ കൂടാതെ, കേരള ബ്രാൻഡിന് അപേക്ഷിക്കുന്ന എല്ലാ യൂണിറ്റുകളും കേരള ബ്രാൻഡിന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള ഗുണനിലവാരം, ധാർമ്മികത, ഉത്തരവാദിത്ത വ്യവസായ സമ്പ്രദായങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നവ ആയിരിക്കണം.

ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന, താലൂക് തല സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 5 വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾക്കാണ്  ഇപ്പോൾ  കേരള ബ്രാൻഡ് നൽകുന്നത്.

  1. MRL Kuttanadan Coconut Oil, Alappuzha
  2. Kedison Expellers, Kottayam
  3. Varappetty Coconut Oil, Ernakulam
  4. KM Oil Industries, Kannur
  5. Kallatra Oil Mills, Kasaragod

കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ ലഭിച്ച യൂണിറ്റുകൾക്ക് ഉയർന്ന വിശ്വാസ്യതയുള്ള ബ്രാൻഡ് നാമത്തിൽ അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുവാനും, കയറ്റുമതി ചെയ്യുവാനും സഹായകരമാകും. കൂടാതെ, ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുവാനും സാധിക്കും. ഈ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തിലെ എല്ലാ സംരംഭങ്ങളെയും ക്ഷണിക്കുന്നു.