ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
ഇന്ത്യയിൽ സർക്കാരിന് കീഴിലുള്ള ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോമ്പളക്സിൽ ആരംഭിച്ച പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ നൽകാൻ സാധിക്കും. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും.
ഏറ്റവും ഉയർന്ന ശേഷിയുള്ള, ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊർജ്ജം സംഭരിക്കാൻ കഴിവുള്ളവയാണിവ.
സൂപ്പർകപ്പാസിറ്ററുകൾ മില്ലി-വാട്ട് വൈദ്യുതി ആവശ്യങ്ങൾ തൊട്ട് നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾ വരെ പ്രയോജനപ്പെടുത്തുന്നു. ഇലക്ട്രോണിക്സിനു പുറമെ ഗതാഗതം, പ്രതിരോധ ഉപകരണങ്ങൾ, ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ, വ്യാവസായിക മേഖലകളിലും സൂപ്പർകപ്പാസിറ്ററുകൾ ഉപയോഗിക്കാൻ സാധിക്കും. ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെ കെൽട്രോണിനൊപ്പം ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 4 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11-ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവും പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നു. ഇതോടെ കെ.സി.സി.എൽ (കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്) ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ് ഉല്പാദകരിലൊന്നായി മാറിയിരിക്കുകയാണ്.