കേന്ദ്രീകൃതം സുതാര്യം , വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾക്ക് കെ – സിസ്
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി നടപ്പാക്കിയ കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനമാണ് കെ-സിസ് (Kerala – CentraI Inspection System) . തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം കെ-സിസ് പ്രവർത്തിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽ മൂന്നുതരത്തിലുള്ള പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയെല്ലാം കെ-സിസ് സംവിധാനത്തിന് കീഴിലാണ് നടക്കുക. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾ വകുപ്പ് തലവൻറെ അനുവാദത്തോടെ മാത്രമായിരിക്കും നടക്കുക.
പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോർട്ടൽ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്പെക്ടർ തുടർച്ചയായി രണ്ട് പരിശോധനകൾ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പരിശോധന നടത്തുന്നതിന്റെ അറിയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ്, ഇമെയിൽ മുഖേന നൽകും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ – സിസ് പോർട്ടലിൽ kcis.kerala.gov.in പ്രസിദ്ധീകരിക്കും. പോർട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകൾക്കും ലോഗിൻ ചെയാനുള്ള സൗകര്യവും പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും ഓൺലൈനായിട്ടാണ് നടപടിക്രമങ്ങൾ പോർട്ടൽ വഴി നടപ്പാക്കുന്നത്.
അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള കെ-സിസ് സംവിധാനത്തിൽ 22884 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ നിയമാനുസൃതമായ 21687 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാൽ 1197 സ്ഥാപനങ്ങൾ നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തി. 35015 പരിശോധനകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 44 പരാതികളാണ് കെ – സിസ് സംവിധനത്തിൽ ലഭിച്ചിട്ടുള്ളത്.
കെ-സിസ് സേവനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള പരിശോധനക്കായി സംരഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കണം. പരിശോധകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോർട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ സമർപ്പിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി കൈമാറും. ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനകളുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പോർട്ടലിൽ സ്ഥാനത്തിന്റെ എല്ലാ വിശദാംശങ്ങളും ലഭിക്കും. പരിശോധന റിപ്പോർട്ട് സംരംഭകന് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. സംരഭകർക്ക് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കെ-സിസ് സഹയാകമാകും.