Efforts to increase investment in the industrial sector

വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപം ശ്രമങ്ങൾ ഫലംകണ്ടു

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ സവിശേഷമായി തുടരുമ്പോഴും ഉൽപാദന മേഖലകളിൽ വളർച്ച കൈവരിക്കാൻ സാധിക്കാഞ്ഞത് കേരളത്തിൻ്റെ പരിമിതിയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും ശ്രമങ്ങൾ ഫലംകണ്ടുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നിക്ഷേപം ആകർഷിക്കുന്നതിനാവശ്യമായ യാഥാർത്ഥ്യബോധത്തോടെയുള്ള പുതിയ വ്യവസായ നയം ഞങ്ങൾ കൊണ്ടുവന്നു.
നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ പൂർണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തെ ഏറ്റവും വികസിതമായ സ്റ്റാർട്ടപ്പ് കേന്ദ്രമാക്കി കേരളത്തെ മാറ്റാനും ലക്ഷ്യമിടുന്നു. അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാർത്ഥ്യത്തിലൂന്നി ഈ മേഖലയിലെ സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉൽപന്നങ്ങളുടെ വ്യാവസായിക ഉൽപാദനത്തിന് മുൻഗണന നൽകുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഇതിനൊപ്പം തന്നെ ഗ്രഫീൻ പോലെ വ്യവസായ സമ്പദ് രംഗങ്ങളിൽ ഉയർന്നുവരുന്ന നവീനമേഖലകളിൽ ഗവേഷണത്തിന് സഹായം ലഭ്യമാക്കാനും സർക്കാർ തയ്യാറാണ്. നിരവധി സാമ്പത്തിക പ്രോത്സാഹനങ്ങളും നയത്തിൽ മുന്നോട്ടുവച്ചിരിക്കുന്നു.
ഞങ്ങൾ കൊണ്ടുവന്ന വ്യവസായ നയം കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. ഇതിന് പുറമെ നിരവധി കമ്പനികൾ കേരളം ലക്ഷ്യസ്ഥാനമായി കണ്ട് ചർച്ചകൾ നടത്തി. ഇനിയും ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് വ്യവസായികൾക്കൊപ്പം നിന്ന് സർക്കാർ മുന്നോട്ടുപോകും.