തിരുവനന്തപുരത്ത് ഇന്ന് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത് ഞങ്ങളുടെ ഏറ്റവും പ്രധാന ചുവടുകളിലൊന്നാണ്. ഈ വെബ്സൈറ്റ് ലോഞ്ച് ചെയ്തതോടെ കേരളത്തിൽ വ്യവസായത്തിനായി പതിന്മടങ്ങ് ഭൂമി ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. വ്യാവസായിക ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് ലഭ്യമായ ഭൂമിയുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായിട്ടാണ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത് (https://industrialland.kerala.gov.in/).
വ്യവസായങ്ങൾക്ക് ഭൂമി നേരിട്ട് നൽകാൻ തയ്യാറായിട്ടുള്ള ആളുകളുണ്ട്. അവർക്ക് നേരിട്ട് വ്യവസായികളുമായി കണക്റ്റ് ചെയ്യാനാണ് ഈ പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുള്ളത്. ഇതിന് വേണ്ടി മൊബൈൽ ആപ്പും വെബ് ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഭൂമി നൽകാൻ താൽപര്യമുള്ളവർക്ക് ഈ പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാം. വ്യവസായത്തിനായി ഈ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ലഭിക്കും. ഭൂമി ആവശ്യമുള്ളവർക്ക് വാങ്ങാനുള്ള ഓപ്ഷനും ലീസിനെടുക്കാനുള്ള ഓപ്ഷനും വാടകയ്ക്ക് ലഭ്യമാക്കാനുള്ള ഓപ്ഷനും ഇതിൽ ലഭ്യമാണ്. ഇതിന് പുറമെ സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടെ ലഭ്യമായ ഭൂമി ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഇതിൽ സർക്കാരിന്റെ പങ്ക് വിവരങ്ങൾ ലഭ്യമാകുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ്. പ്ലാറ്റ്ഫോം വഴി ഭൂവുടമകളും നിക്ഷേപകരും തമ്മിലുള്ള ഭൂമി കൈമാറ്റത്തിൽ സർക്കാർ കക്ഷി ആയിരിക്കില്ല. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഞങ്ങൾ നിക്ഷേപകർക്ക് നൽകിയ വാഗ്ദാനം കൂടിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവരെ കേരളത്തിന് ലഭിച്ചത്.
വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമി ലഭ്യമായവര്‍ക്ക് അവരുടെ വിവരങ്ങള്‍ വെബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുന്ന മാച്ച് മേക്കിംഗ് വെബ്സൈറ്റ് പോലെയാണ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. നിക്ഷേപകര്‍ക്ക് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉറപ്പാക്കുന്നതിന് വക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും.