PSU Awards to elevate Kerala's public sector undertakings to excellence

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ മികവിലേക്കുയർത്തുന്നതിനായി പി.എസ്.യു അവാർഡ്സ്

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ മികവിലേക്കുയർത്തുന്നതിനായി വ്യവസായ വകുപ്പ് ആരംഭിച്ചതാണ് പി.എസ്.യു അവാർഡ്സ്. ഓരോ വർഷവും ഏറ്റവും മികച്ച പി.എസ്.യു, ഏറ്റവും മികച്ച മാനേജിങ്ങ് എഡിറ്റർമാർ എന്നിവരെ തെരഞ്ഞെടുത്തുകൊണ്ട് മത്സരക്ഷമതയോടെ പ്രവർത്തിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കാനാണ് ഈ അവാർഡിലൂടെ ശ്രമിക്കുന്നത്. ഇങ്ങനെ 2023- 2024 വര്‍ഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു.
200 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും 100 കോടി മുതല്‍ 200 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയും 50 കോടി മുതല്‍ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡും 50 കോടി രൂപയില്‍ താഴെ വീറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡുമാണ് സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾ. മികച്ച മാനേജിംഗ് ഡയറക്ടര്‍ പുരസ്‌കാരം സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡ് എം.ഡി കമാന്‍ഡര്‍ (റിട്ട.) പി. സുരേഷ്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം. ഡി ഡോ. പ്രതീഷ് പണിക്കര്‍ എന്നിവര്‍ക്കാണ്.
പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോയി ലാഭത്തില്‍ പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ പൊതുസമ്പത്ത് ഘടനയ്ക്ക് അത്യാവശ്യമാണ്. അതിനു വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിനപ്പുറം സ്വയം മുന്നേറാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം. അതിനുള്ള പ്രോത്സാഹനം കൂടിയാണ് ഈ പുരസ്കാരം.