കേരളത്തിൻ്റെ സ്വന്തം ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ എത്തി
കേരളത്തിൻ്റെ സ്വന്തം ‘കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡും’ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ലോർഡ്സ് ഓട്ടോമോട്ടീവ് കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭം പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ചു. തിരുവനന്തപുരം ആറാലുംമൂട് കെ എ എല്ലിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ആദ്യ സ്കൂട്ടറിൻ്റെ വിൽപനയും ഇലക്ട്രിക്ക് സ്കൂട്ടർ – ട്രൈ സ്കൂട്ടർ നിർമ്മാണ യൂണിറ്റിന്റെ ഉദ്‌ഘാടനവും നിർവ്വഹിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതാണ് ഈ വാഹനങ്ങൾ.
ഇലക്ട്രിക് വാഹന രംഗത്ത് കെ എ എൽ കൂടുതൽ മുന്നേറ്റം കാഴ്ച വെക്കാനാണ് ശ്രമിക്കുന്നത്. കമ്പനി നേരിട്ട് ഇ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർമ്മിക്കുന്നതിന് പുറമെയാണ് ആദ്യഘട്ടത്തിലുണ്ടായ പോരായ്മകൾ പരിഹരിച്ചുകൊണ്ട് സംയുക്ത സംരംഭത്തിലേക്കുൾപ്പെടെ കടന്നിരിക്കുന്നത്. ഈ സംയുക്ത സംരംഭത്തിലൂടെ മികച്ച ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ചുകൊണ്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാർക്കറ്റ് ചെയ്ത് കമ്പനിക്ക് മുന്നേറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.