Cotton board for cotton storage

ടെക്സ്റ്റൈൽ മില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃതവസ്തുവായ പരുത്തി മുൻകൂറായി വാങ്ങി സംഭരിക്കുന്നതിനും മില്ലുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനും കോട്ടൺ ബോർഡ് രൂപീകരിച്ചു. ടെക്സ്റ്റെൽ കോർപ്പറേഷന് കീഴിൽ എട്ടും സഹകരണ മേഖലയിൽ ഏഴും ഉൾപ്പെടെ 17 ടെക്സ്റ്റൈൽ മില്ലുകളാണ് വ്യവസായ വകുപ്പിന് കീഴിലുള്ളത്. ഈ മില്ലുകൾക്ക് ആവശ്യമുള്ള പരുത്തി, സീസൺ അടിസ്ഥാനമാക്കി കുറഞ്ഞ വിലയ്ക്ക് സംഭരിക്കുകയാണ് ബോർഡിന്റെ പ്രധാന ചുമതല. നേരത്തെ ഓരോ മില്ലും തങ്ങൾക്ക് ആവശ്യമുള്ള പരുത്തി സ്വന്തം നിലയിൽ സംഭരിക്കുകയായിരുന്നു. വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇതു മൂലം കഴിഞ്ഞിരുന്നില്ല. ബോർഡ് മുഖേന സംഭരണം നടത്തുമ്പോൾ സീസണിലെ കുറഞ്ഞ വില കണക്കാക്കി ബൾക്കായി വാങ്ങാനും ഇതിലൂടെ മില്ലുകളുടെ പ്രവർത്തന ലാഭം വർധിപ്പിക്കാനും കഴിയും. പരുത്തി ലഭ്യതയിലുള്ള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടും. സംഭരണ സൗകര്യമുള്ള മില്ലുകളിൽ സൂക്ഷിക്കുന്ന പരുത്തി, മില്ലുകളുടെ ആവശ്യപ്രകാരം വിതരണം ചെയ്യും.

അസംസ്കൃതവസ്തു സംഭരണത്തിലെ പ്രശ്നങ്ങൾ മൂലം കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻ.ടി.സി. മില്ലുകൾ പലതിന്റേയും പ്രവർത്തനം നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോട്ടൺ ബോർഡിന്റെ ചെയർപേഴ്സണും ടെക്സ്റ്റൈൽ കോർപ്പറേഷൻ, ടെക്സ്ഫെഡ് മാനേജിംഗ് ഡയറക്ടർമാർ, കൈത്തറി ഡയറക്ടർ എന്നിവർ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബർ കൺവീനറുമായിരിക്കും. ബോർഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം സർക്കാർ നൽകും. നബാർഡ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയും തേടും.