Industrial Estate - DPR handed over to Govt

കേരള റബ്ബർ ലിമിറ്റഡ് മൂന്ന് വർഷത്തിനുള്ളിൽ; 254 കോടിയുടെ പദ്ധതി; 8000 പേർക്ക് തൊഴിൽ; റബ്ബർ വ്യവസായങ്ങൾക്കായി ആധുനിക സൗകര്യങ്ങൾ

സംസ്ഥാന സർക്കാർ പുതുതായി രൂപം നൽകിയ കേരളാ റബ്ബർ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് 3 വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 253.58 കോടി രൂപയുടെ മുതൽ മുടക്ക് വേണ്ടി വരുന്ന പദ്ധതിക്ക് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മെയ് മാസത്തിൽ തുടക്കം കുറിക്കും. 8000 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന പദ്ധതിയാണിത്. 164.86 ഏക്കർ പ്രദേശമാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.

കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും പൊതുമേഖലയിൽ രണ്ട് പുതിയ കമ്പനികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഇതിലൊന്നാണ് കേരള റബ്ബർ ലിമിറ്റഡ്. സർക്കാർ – സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് റബ്ബർ ലിമിറ്റഡിന് രൂപം നൽകിയിട്ടുള്ളത്. സ്വാഭാവിക റബ്ബർ അടിസ്ഥാനമാക്കി റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള വ്യവസായ പാർക്കാണ് കെ.ആർ.എൽ വെള്ളൂരിൽ സ്ഥാപിക്കുക. എം.എസ്.എം. ഇ മേഖലക്ക് ഊന്നൽ നൽകിയാവും പാർക്ക് പ്രവർത്തിക്കുക. റബ്ബർ ഉൽപന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിംഗ് സെന്റർ, സ്റ്റെറിലൈസറിംഗ് സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം, സ്വാഭാവിക റബ്ബർ അധിഷ്ഠിത ഉൽപനങ്ങളുടെ നിർമ്മാണ കേന്ദ്രം തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഉള്ള പാർക്കാണ് വിഭാവനം ചെയ്യുന്നത്. പാർക്കിലെ പൊതു സൗകര്യങ്ങൾ കമ്പനി ഒരുക്കും. രണ്ട് ഘട്ടങ്ങളിലായി 3 വർഷങ്ങൾ കൊണ്ട് പാർക്ക് പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. 65ഓളം വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം പാർക്കിൽ ഉണ്ടാകും. ലാറ്റക്സ് അധിഷ്ഠിത വ്യവസായങ്ങളായ സർജിക്കൽ ഗ്ലൗസ്, ഇൻഡസ്ട്രിയൽ ഗ്ലൗസ്, മെഡിക്കൽ ഉപകരണങ്ങൾ, റബ്ബർ അധിഷ്ഠിത വ്യവസായങ്ങളായ ടയർ, മാറ്റ് തുടങ്ങിയ ഉൽപന്നങ്ങൾ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾക്ക് എല്ലാ സൗകര്യങ്ങളും പാർക്കിൽ ഒരുക്കും. ആധുനിക സൗകര്യങ്ങളുള്ള പാർക്ക് രാജ്യത്തെ തന്നെ മുൻ നിര എസ്റ്റേറ്റുകളിൽ ഒന്നായിരിക്കും.

സംസ്ഥാനത്തെ റബ്ബർ കർഷകർക്കാണ് വ്യവസായ പാർക്ക് ഏറെ പ്രയോജനപ്പെടുകയെന്ന് ഡി.പി.ആർ വ്യക്തമാക്കുന്നു. സ്വാഭാവിക റബ്ബർ ഉൽപാദനം വർധിപ്പിക്കാനും, മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിക്കാനും ലോകോത്തര നിലവാരമുള്ള പാർക്കിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. സ്വാഭാവിക റബ്ബർ സംസ്കരണത്തിനും ഇവ അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും പാർക്കിലൂടെ കഴിയും.