15-ാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരി നിയോജക മണ്ഡല പ്രതിനിധിയായ ശ്രീ. യു. എ. ലത്തീഫ് 23.08.2022 – ന് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് വ്യവസായ മന്ത്രി നൽകിയ മറുപടി

രാജ്യത്തെ പത്ര വ്യവസായം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ന്യൂസ് പ്രിന്റിനും അച്ചടി മഷിക്കും മറ്റ് അസംസ്കൃത വസ്തുക്കള്‍ക്കും വലിയ വിലക്കയറ്റമാണു കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനിടെയുണ്ടായത്. കോവിഡ‍് മഹാമാരിയും റഷ്യ – യുക്രയിന്‍ യുദ്ധവും രാജ്യാന്തരതലത്തില്‍ സൃഷ്ടിച്ച വന്‍ പ്രതിസന്ധിയില്‍പ്പെട്ട് വിദേശ രാജ്യങ്ങളിലെ ന്യൂസ് പ്രിന്റ് ഫാക്ടറികള്‍ പലതും അടച്ചു പൂട്ടി. രാജ്യത്തെ പത്രങ്ങളും ആനുകാലികങ്ങളും നിലനില്‍പ്പിനായി പോരാടുന്ന നിലയാണുള്ളത്. ചെറുകിട, ഇടത്തരം പത്ര മാധ്യമങ്ങള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
കുറഞ്ഞ കാലം കൊണ്ട് ന്യൂസ് പ്രിന്റിന് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയാണു വില ഉയര്‍ന്നത്. കോവി‍ഡ് പ്രതിസന്ധിയാണു പ്രധാന കാരണമായത്. യുക്രയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയില്‍ നിന്നുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതി ഏതാണ്ടു നിലച്ചു. റഷ്യയ്ക്കു പുറമേ ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന കാനഡ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പേപ്പര്‍ മില്ലുകള്‍ പലതും അടച്ചു പൂട്ടി. ഇത് ഇന്ത്യയിലേക്കുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 55 ശതമാനം ഇടിവുണ്ടായിട്ടുള്ളതായിട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ലോക്സഭയെ അറിയിച്ചത്. ഇറക്കുമതി കുറഞ്ഞത് രാജ്യത്ത് ന്യൂസ് പ്രിന്റിന്റെ വന്‍ വിലക്കയറ്റത്തിനു വഴിവച്ചു. ഇതിനു പുറമേ കേന്ദ്ര സര്‍ക്കാര്‍ ന്യൂസ് പ്രിന്റിനു മേല്‍ ചുമത്തുന്ന അഞ്ചു ശതമാനം ഇറക്കുമതിച്ചുങ്കവും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
പത്ര വ്യവസായത്തിലെ ചെലവിന്റെ 50 ശതമാനത്തിലേറെ ന്യൂസ് പ്രിന്റ് ഇനത്തിലാണുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ന്യൂസ് പ്രിന്റിന് ക്രമാതീതമായി വില വര്‍ദ്ധിക്കുന്നത് ഈ മേഖലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്നതാണ്. പല ദേശീയ പത്രങ്ങളും കേരളത്തിലടക്കം എഡിഷനുകള്‍ നിര്‍ത്തിയത് ഈ പ്രതിസന്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ്. വലിയൊരു വിഭാഗത്തിന്റെ തൊഴില്‍ മേഖല കൂടിയായ അച്ചടി മാധ്യമ രംഗത്തെ. പ്രതിസന്ധി പരിഹരിക്കേണ്ടത് അനിവാര്യവുമാണ്. ആയതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലേലത്തിലൂടെ ഏറ്റെടുത്ത HNL കമ്പനി പുനരുദ്ധരിച്ച് M/s കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥാപനം പൂര്‍ണ്ണ തോതില്‍ ഉദ്പാദനം ആരംഭിച്ചുകഴിയുമ്പോള്‍ ഒരു ലക്ഷം മെട്രിക്ക് ടണ്‍ ന്യൂസ് പ്രിന്റ് ഉദ്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്‍മൂലം സംസ്ഥാനത്തെ പത്ര വ്യവസായങ്ങള്‍ക്ക് ആവശ്യാനുസരണം ന്യൂസ് പ്രിന്റ് M/s KPPL –ല്‍ നിന്ന് വാങ്ങുന്നതിനും അതുമൂലം ന്യൂസ് പ്രിന്റിനായി വിദേശ വിപണിയെ അമിതമായി ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിന് സഹായകമാകുന്നതാണ്. കൂടാതെ നിലവില്‍ ന്യൂസ് പ്രിന്റിന് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിനും അനിയന്ത്രിതമായ വില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്തുന്നതിനും പൊതുമേഖലാ സ്ഥാപനമായ KPPL – ന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കുന്നതോടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.