Papilio market of Kunnukara

കുന്നുകരയുടെ പാപ്പിലിയോ വിപണിയിൽ

ഖാദി പഴയ ഖാദിയല്ല എന്ന ക്യാമ്പയിന്റെ ഭാഗമായി പുത്തൻ ബ്രാൻഡ് ഷർട്ടുകൾ നെയ്ത് വിപണിയിലെത്തിച്ച് എറണാകുളം കുന്നുകര പഞ്ചായത്ത്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കുന്നുകര പഞ്ചായത്തിലെ നെയ്ത്തുയൂണിറ്റിൽ നെയ്ത പുതിയ ഖാദി ഷർട്ട് ‘പാപ്പിലിയോ’ എന്ന ബ്രാൻഡിൽ ആണ് പുറത്തിറങ്ങുന്നത്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി സഹകരിച്ചാണ് പുതിയ വസ്ത്രങ്ങളുടെ രൂപകൽപ്പന. 900 രൂപമുതൽ വിലയിൽ ഷർട്ട് ലഭ്യമാണ്. 30 ശതമാനം റിബേറ്റും ലഭിക്കും. ഖാദി ഷർട്ടുകൾക്കു പുറമേ പാപ്പിലിയോ ബ്രാൻഡിൽ ചുരിദാർ, കുഞ്ഞുടുപ്പ് തുടങ്ങിയവയും കുന്നുകര യൂണിറ്റിൽ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഖാദി ബോർഡിന്റെ വിൽപ്പനശാലകൾ വഴിയും ഫ്‌ളിപ്കാർട്ടിലൂടെ ഓൺലൈനായും ഉത്പ്പന്നങ്ങൾ വിറ്റഴിക്കും. കുന്നുകരയിൽ വർഷങ്ങളായി ഖാദി നെയ്ത്തു നടക്കുന്നുണ്ടായിരുന്നെങ്കിലും ലുങ്കികൾ മുണ്ട് തുടങ്ങിയവയിൽ ഉത്പാദനം പരിമിതപ്പെട്ടിരിക്കുകയായിരുന്നു. ഓണക്കാലത്ത് 150 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിട്ട് വിവിധ തരം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കുന്നുകരയുടെ പാപ്പിലിയോയും വിപണിയിലെത്തിക്കുന്നത്.